വീടിന് സ്ഥാനം ഗണിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

വലിയ പറമ്പുകളില്‍ കണക്കാക്കേണ്ടതായ ബ്രഹ്മസൂത്രം, യമസൂത്രം, കര്‍ണ്ണസൂത്രം എന്നിവ അല്‍പക്ഷേത്രവിധി പ്രകാരം ചെറിയ പറമ്പുകളില്‍ കണക്കാക്കേണ്ടതില്ല

വീട് നിര്‍മ്മിക്കാന്‍ തിരഞ്ഞെടുത്ത ഭൂമിയെ നാല് ഖണ്ഡമായാണ് വാസ്തു ശാസ്ത്ര പ്രകാരം തിരിക്കാറുള്ളത്. ഇവയില്‍ വടക്ക്- കിഴക്ക് ഖണ്ഡത്തിലോ തെക്ക്- പടിഞ്ഞാറ് ഖണ്ഡത്തിലോ ആണ് ഗൃഹനിര്‍മ്മാണത്തിന് ഉത്തമം. തിരഞ്ഞെടുത്ത ഭൂമിയുടെ മദ്ധ്യത്തോടു ചേര്‍ന്നു വേണം വീട് വയ്ക്കാന്‍. എന്നാല്‍ കൃത്യം മദ്ധ്യത്തിലാകാനും പാടില്ല.

അതേസമയം അതിര്‍ത്തിയോടു ചേര്‍ത്തു വെക്കുകയുമരുത്. ചെറിയ സ്ഥലമാണെങ്കില്‍ ഗൃഹമദ്ധ്യം തെക്ക്- പടിഞ്ഞാറ് ഖണ്ഡത്തിലേക്കോ, വടക്ക്- കിഴക്ക് ഖണ്ഡത്തിലേക്കോ വരുത്തി വേണം ഗൃഹം നിര്‍മ്മിക്കാന്‍. ഭൂമിയുടെ മദ്ധ്യത്തില്‍ ഗൃഹമദ്ധ്യം വരാന്‍ പാടില്ലാ എന്നാണ് ഇതിന്റെ സാരം.

കൂടുതല്‍ ഭൂമിയുള്ള സ്ഥലങ്ങളില്‍ വീടു വെക്കുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആദ്യം തന്നെ ആ സ്ഥലത്ത് ഒതുങ്ങുന്ന സമചതുരമായി വാസ്തുവിനെ കണക്കാക്കണം. ശേഷം കിഴക്ക് വശത്തെ മദ്ധ്യത്തില്‍ നിന്നും പടിഞ്ഞാറ് വശത്തെ മദ്ധ്യം വരെ കണക്കാക്കുന്ന ബ്രഹ്മസൂത്രവും തെക്കു- വടക്കു ദിശയില്‍ വാസ്തുമദ്ധ്യത്തില്‍ യമസൂത്രവും കണക്കാക്കുന്നു. ഈ വിധത്തില്‍ രേഖ നാല് ആക്കി തിരിക്കുക.

അതില്‍ വടക്കു- കിഴക്കേ ഖണ്ഡത്തിലോ, തെക്ക്- പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍ വേണം ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടത്. ഈ രീതിയില്‍ വയ്ക്കുന്ന ഗൃഹങ്ങള്‍ തെക്കു- പടിഞ്ഞാറേ മൂലയില്‍ നിന്ന് വടക്കു- കിഴക്കേ മൂല വരെയുള്ള കര്‍ണസൂത്രം ഒഴിവിടേണ്ടതാണ്. .

എന്നാല്‍ ചെറിയ പറമ്പുകളില്‍ വാസ്തു ശാസ്ത്രത്തില്‍ അനുശാസിക്കുന്ന ഭഅല്പക്ഷേത്രവിധി’ പ്രകാരം ഒട്ടാകെയുള്ള ഭൂമിയില്‍ ഒതുങ്ങുന്ന ഒരു ദീര്‍ഘചതുരമോ, സമചതുരമോ കണക്കാക്കി, പിശാചവീഥി കൂടി ഒഴിവാക്കി വാസ്തുമദ്ധ്യത്തില്‍ നിന്ന് ഗൃഹമദ്ധ്യം വടക്കു- കിഴക്കോട്ടോ, തെക്കു-പടിഞ്ഞാട്ടോ നീക്കി നിര്‍ത്താവുന്ന രീതിയില്‍ വേണം സ്ഥാനം നിശ്ചയിക്കാന്‍.

വാസ്തുമധ്യത്തില്‍ നിന്ന് ഗൃഹമദ്ധ്യം വടക്കു- കിഴക്കോട്ട് നീക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് താരതമ്യേന ഗൃഹത്തിന്റെ വടക്കു വശത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ മുറ്റം തെക്കു വശത്തും, കിഴക്കു വശത്ത് ഉള്ളതിനേക്കാള്‍ മുറ്റം പടിഞ്ഞാറു വശത്തുമായി വരും എന്നതു കൊണ്ടാണ്.

അതുപോലെതന്നെ, ഗൃഹമദ്ധ്യം വാസ്തുമദ്ധ്യത്തില്‍ നിന്ന് തെക്കു- പടിഞ്ഞാട്ടേക്ക് നീക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് താരതമ്യേന പടിഞ്ഞാറു വശത്ത് ഉള്ളതിനേക്കാള്‍ മുറ്റം കിഴക്കു വശത്തും,  തെക്കു വശത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ മുറ്റം വടക്കു വശത്തുമായി വരും എന്നതിനാലാണ്.

വലിയ പറമ്പുകളില്‍ കണക്കാക്കേണ്ടതായ ബ്രഹ്മസൂത്രം, യമസൂത്രം, കര്‍ണ്ണസൂത്രം എന്നിവ അല്‍പക്ഷേത്രവിധി പ്രകാരം ചെറിയ പറമ്പുകളില്‍ കണക്കാക്കേണ്ടതില്ല. എന്നാല്‍ ചെറിയ പറമ്പുകളില്‍ വയ്ക്കുന്ന ഗൃഹങ്ങളുടെ ദര്‍ശനം അനുസരിച്ച് (ഏകശാലയാണെങ്കില്‍) ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഇത്തരത്തില്‍ വരുമ്പോള്‍ പടിഞ്ഞാറ്റിപുരകള്‍ക്ക് കിഴക്ക്- പടിഞ്ഞാറ് ദിശയിലുള്ള ഗൃഹമദ്ധ്യസൂത്രവും, തെക്കിനിപുരകള്‍ക്ക് തെക്ക്- വടക്ക് ദിശയിലുള്ള ഗൃഹമദ്ധ്യസൂത്രവും ഒഴിയത്തക്കവിധം ജനല്‍, കട്ടിള എന്നിവ ഉണ്ടാക്കേണ്ടത് നിര്‍ബന്ധമാണ്. അതുപോലെതന്നെ, ഗൃഹമദ്ധ്യസൂത്രം തടസ്സപ്പെടുന്ന രീതിയില്‍ ഭിത്തി, തൂണ്, ടോയ്‌ലറ്റ് തുടങ്ങിയവ വരുന്നതും ശുഭകരമല്ല.

Leave a Reply

Your email address will not be published. Required fields are marked *