ഗൃഹനിര്‍മാണത്തിന് ഭൂമി തിരഞ്ഞെടുക്കുമ്പോള്‍

ഭവന നിര്‍മ്മാണത്തിന് കിഴക്കോട്ടും വടക്കോട്ടും നീരൊഴുക്കുള്ള ഭൂമിയാണ് അത്യുത്തമം എന്നുപറയാം. സൂര്യന്റെ അസ്തമയം പടിഞ്ഞാട്ടും സപ്തര്‍ഷികളുടേത് തെക്കോട്ടും ആയതിനാല്‍ ആ രണ്ടു ദിക്കുകളിലേക്കും ചെരിവ് നന്നല്ല.

ദയസൂര്യന്റെ നിഴല്‍ വീഴാത്തിടത്തെല്ലാം വീട് നിര്‍മ്മിക്കാം. സൂര്യവെളിച്ചവും കാറ്റും വേണ്ടവിധം ലഭ്യമാകുന്ന രീതിയിലാവണം വീടിന്റെ നിര്‍മാണം. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും കൃത്യമായി കണക്കാക്കി ദിക്കിന് അനുസരിച്ച് വേണം ഗൃഹം നിര്‍മിക്കാന്‍. നാല് ദിക്കുകളെയും മഹാദിക്കുകളായി കണക്കാക്കണം. മഹാദിക്കുകള്‍ അനുസരിച്ചു വേണം ഗൃഹം ഇരിക്കാന്‍. കോണ്‍ ദിക്കുകളിലേക്ക് (വിദിക്കുകള്‍) തിരിഞ്ഞിരിക്കാന്‍ പാടില്ല.

പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഭൂമി തിരിഞ്ഞുകൊണ്ട് ഇരിക്കുന്നതിനാല്‍ ഈ ഗമനത്തിന് അനുസൃതമായി വീട് വെച്ചാല്‍ കൂടുതല്‍ സുഖപ്രദമാകും. ഭൂമി .വര്‍ഷത്തില്‍ ഒരിക്കല്‍ തെക്കോട്ടും വടക്കോട്ടും സഞ്ചരിക്കുന്നു. അതിനാല്‍ തെക്ക്- വടക്ക് ദിശയും സ്വീകാര്യമാണ് (ഉത്തരായനം, ദക്ഷിണായനം).വാഹനത്തില്‍ ഇരിക്കുമ്പോള്‍ വാഹനം സഞ്ചരിക്കുന്ന ദിശയ്ക്കനുസരിച്ച് ഇരിക്കുന്നതാണല്ലോ കൂടുതല്‍ സുഖം.

വിപരീത ദിശയിലിരുന്നാല്‍ ഉണ്ടാകുന്ന വിഷമതകള്‍ ദിക്കിന് അനുയോജ്യമല്ലാതെ നിര്‍മ്മിച്ച വീടുകളിലും ഉണ്ടായേക്കാം. അതായത് ഭൂമിയുടെ കിടപ്പനുസരിച്ച് സ്ഥലം കണ്ടെത്തി വേണം ഗൃഹനിര്‍മ്മാണം നടത്താന്‍. അതാണ് അഭികാമ്യം. ഉദയസൂര്യനെ തടസ്സമില്ലാതെ കാണാന്‍ .കിഴക്ക് വശം താഴ്ന്നിരിക്കണം. കിഴക്കു വശത്ത് മലയോ മറ്റ് തടസ്സങ്ങളോ ഉണ്ടെങ്കില്‍ ഉദയസൂര്യന്റെ പ്രകാശം ലഭിക്കില്ല. രാത്രിയായാല്‍ നക്ഷത്രങ്ങള്‍ക്കാണ് (സപ്തര്‍ഷികള്‍) പ്രാധാന്യം.

അതുകൊണ്ടുതന്നെ, വടക്കോട്ട് ചെരിവും ഉത്തമമാണ്. ദിവസത്തിന്റെ പകല്‍ ഭരിക്കുന്നത് സൂര്യനും രാത്രി ഭരിക്കുന്നത് സൂര്യന്റെ പ്രതിബിംബങ്ങളായ നക്ഷത്രങ്ങള്‍ അഥവാ സപ്തര്‍ഷികളും ആകുന്നു. വടക്ക് ഉദിക്കുന്ന സപ്തര്‍ഷികളെ കാണാന്‍ ഇത് ഉപകരിക്കും. അതായത് ഭവന നിര്‍മ്മാണത്തിന് കിഴക്കോട്ടും വടക്കോട്ടും നീരൊഴുക്കുള്ള ഭൂമിയാണ് അത്യുത്തമം എന്നുപറയാം. സൂര്യന്റെ അസ്തമയം പടിഞ്ഞാട്ടും സപ്തര്‍ഷികളുടേത് തെക്കോട്ടും ആയതിനാല്‍ ആ രണ്ടു ദിക്കുകളിലേക്കും ചെരിവ് നന്നല്ല.

എന്നാല്‍ കിഴക്കോട്ടും തെക്കോട്ടും ചായ്‌വുള്ളതാണെങ്കില്‍ മധ്യമത്തില്‍ ഉള്‍പ്പെടുത്താം. (കിഴക്കോട്ടുള്ള ചെരിവ് മൂലം ഉദയസൂര്യനെ കാണാന്‍ കഴിയുമ്പോള്‍ തെക്കോട്ടുള്ള ചെരിവ് സപ്തര്‍ഷികളുടെ ഉദയത്തെ തടസ്സപ്പെടുത്തുന്നു, ഇത് മധ്യമം). ഇതുപോലെ തന്നെയാണ് വടക്കോട്ടും പടിഞ്ഞാട്ടും വസ്തു ചരിഞ്ഞിരുന്നാല്‍. ഇവിടെ സൂര്യോദയം മറയുമ്പോള്‍ സപ്തര്‍ഷികളുടെ ഉദയം കാണാനാകും. ഇതും മധ്യമം തന്നെ. പടിഞ്ഞാട്ടും തെക്കോട്ടും ചെരിവുള്ള ഭൂമി ഒട്ടും പരിഗണിക്കാവുന്നതല്ല, അത് അധമമാണ്.

ഗൃഹനിര്‍മ്മാണത്തിന് തിരഞ്ഞെടുക്കുന്ന ഭൂമി ഉറപ്പുള്ളതാണോ എന്ന് മണ്ണ് പരിശോധനയിലൂടെ എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്. ഈ ഭൂമിയില്‍ നിശ്ചിത അളവില്‍ ഒരുകുഴിയുണ്ടാക്കി അതില്‍ നിന്നെടുത്ത മണ്ണ് വീണ്ടും അതേകുഴിയില്‍ നിറയ്ക്കുമ്പോള്‍ കുഴിനിരപ്പാക്കിയിട്ടും മണ്ണ് ബാക്കി വരികയാണെങ്കില്‍ ആ ഭൂമി ഉറപ്പുള്ളതും ഉത്തമവുമായി കണക്കാക്കാം. എന്നാല്‍ ഇപ്രകാരം മണ്ണ് നിറയ്ക്കുമ്പോള്‍ ബാക്കി വരുന്നില്ലെങ്കില്‍ ആ ഭൂമി മധ്യമത്തിലെടുക്കാം.

അതേസമയം കുഴിയെടുത്ത മണ്ണ് തിരിച്ചു നിറയ്ക്കുമ്പോള്‍ മതിയാവാതെ വരികയാണെങ്കില്‍ ആ ഭൂമി ഗൃഹനിര്‍മ്മാണത്തിന് യോഗ്യമല്ലെന്ന് സാരം.പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്ന നദിയുടെ തെക്ക് വശം വീട് വെക്കാന്‍ ഏറ്റവും ഉത്തമമാണ്. അതായത് വീടുവെക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ വടക്കു വശത്ത് പ്രദക്ഷിണമായി ഒഴുകുന്ന ജലാശയമുള്ളത് വാസയോഗ്യമായ ഭൂമിയുടെ ലക്ഷണമാണ്. അതുപോലെതന്നെ വടക്കു നിന്ന് തെക്കോട്ടൊഴുകുന്ന നദിയുടെ പടിഞ്ഞാറെ കരയും വാസയോഗ്യമായ ഭൂമിയായി കണക്കാക്കാം.

എന്നാല്‍ തെക്ക് നിന്ന് വടക്കോട്ട് ഒഴുകുന്ന നദിയുടെ പടിഞ്ഞാറെ കരയും അപ്രദക്ഷിണമായി ഒഴുകുന്ന ജലാശയവും മധ്യമമാണ്. ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ഗൃഹത്തിനടിയില്‍ എല്ലു പെടാന്‍ പാടില്ല. ശ്മശാനദോഷമുള്ള ഭൂമിയില്‍ ഖനനാദിശുദ്ധി, അത്ഭുതശാന്തി, പുണ്യാഹം, വാസ്തുബലി, നവധാന്യം വിതയ്ക്കല്‍ തുടങ്ങിയ പരിഹാരക്രിയകള്‍ ഭൂമിയുടെ രീതിയനുസരിച്ച് നടത്തേണ്ടതാണ്. ദേവാലയ സാമീപ്യമുള്ള ഭൂമികള്‍ ഗൃഹനിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ ദേവാലയത്തിന്റെ നാല് പ്രധാന നടകളില്‍ (ദര്‍ശനത്തിനു നേരെ) വരാതെ ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *