ആരാണ് വാസ്തുപുരുഷന്‍! എന്താണ് ഭൂമിമണ്ഡലം!

ഭൂമിയില്‍ വടക്കു- കിഴക്ക് തലയും തെക്കു- പടിഞ്ഞാറ് കാലും വരുന്ന രീതിയില്‍ വാസ്തുപുരുഷനേയും വാസ്തു പുരുഷന്റെ ദേഹത്ത് അതാത് സ്ഥാനങ്ങളില്‍ 45 ദേവന്മാരേയും കണക്കാക്കുന്നു.

വാസ്തു ശാസ്ത്രത്തില്‍ വാസ്തുപുരുഷനെ ഒരു അസുരനായാണ് സങ്കല്‍പിക്കുന്നത്. ദേവാസുര യുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ ദേവന്മാരോടു ചേര്‍ന്ന് യുദ്ധം ചെയ്തതിനാല്‍ അസുരന്മാര്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.  ഈ പശ്ചാത്തലത്തില്‍ നിന്നാണ് വാസ്തുപുരുഷന്‍ ജന്മമെടുക്കാന്‍ കാരണമായത് എന്നാണ് സങ്കല്‍പം. അസുരന്മാരുടെ പരാജയത്തോടെ അസുരഗുരുവായ ശുക്രാചാര്യന്‍ കോപത്താല്‍ ജ്വലിച്ച് ഒരു വലിയ ഹോമകുണ്ഡമുണ്ടാക്കി ഹോമം തുടങ്ങി.

കത്തിയെരിയുന്ന ഹോമകുണ്ഡത്തിലേക്ക് ഒരു ആടിനെ ഹോമിക്കുകയും ഹോമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ശുക്രാചാര്യന്റെ ശരീരത്തില്‍ നിന്നും ഒരു വിയര്‍പ്പു തുള്ളി ഹോമകുണ്ഡത്തിലേക്ക് വീഴുകയും ചെയ്തു.  ഈ ഹോമകുണ്ഡത്തില്‍ നിന്നും ജീവന്‍ കണ്ടെത്തി ഉയര്‍ന്നു വന്നതാണ് വാസ്തുപുരുഷന്‍ എന്ന അസുരന്‍. ശുക്രാചാര്യന്റെ വിയര്‍പ്പു തുള്ളിയില്‍ നിന്നും ജന്മമെടുത്തു എന്നതിനാല്‍ ശുക്രന്റെ മകന്‍ എന്ന പേരു വന്നു.

ശേഷം ഈ മകന്‍, തനിക്ക് ജന്മം നല്‍കിയത് എന്ത് ലക്ഷ്യപ്രാപ്തിക്കാണ് എന്ന് അച്ഛനായ ശുക്രാചാര്യനോട് ചോദിക്കുന്നു. സകല ദേവന്മാരേയും നശിപ്പിക്കാനാണ് ജന്മം നല്‍കിയത് എന്നായിരുന്നു ശുക്രാചാര്യന്റെ മറുപടി.  അഗ്നിയില്‍ നിന്നും ഉണ്ടായതിനാല്‍ ഒരു അഗ്നിഗോളമായി ജന്മമെടുത്ത വാസ്തുപുരുഷന്‍ തന്റെ ലക്ഷ്യം നിറവേറ്റാനായി ദേവന്മാരെ നശിപ്പിക്കാന്‍ അവര്‍ക്കുനേരെ നീങ്ങി. ഇതറിഞ്ഞ് ഭയചകിതരായ ദേവന്മാര്‍ പരമശിവനെ അഭയം പ്രാപിച്ചു.

ദേവന്മാരുടെ സങ്കടമറിഞ്ഞ് പരമശിവന്‍ തന്റെ തൃക്കണ്ണില്‍ നിന്നും ഉഗ്രശേഷിയുള്ള ഒരു തീഗോളം ശുക്രാചാര്യന്‍േറയും മകന്‍േറയും നേര്‍ക്ക് അവരെ നശിപ്പിക്കാനായി പായിച്ചു. ഭയന്നു വിറച്ച ശുക്രാചാര്യന്‍ തന്റെ മകന് സംരക്ഷണം തീര്‍ക്കാന്‍ കടുകുമണിയോളം ചെറുതാവുകയും പരമശിവന്റെ ചെവിയിലൂടെ കടന്ന് ഉദരത്തിലൊളിക്കുകയും ചെയ്തു.  ഇതറിഞ്ഞ പരമശിവന്‍ ശുക്രാചാര്യനോട് ചോദിക്കുകയാണ്, സ്വയം നശിക്കാതിരിക്കാന്‍ എന്തു വരമാണ് ഞാന്‍ തരേണ്ടത്? ശുക്രാചാര്യന്റെ മറുപടി പെട്ടെന്നായിരുന്നു. തന്റെ സന്തതി ലക്ഷ്യമില്ലാതെ ഓടി നടക്കുന്നു. അവനെ നശിപ്പിക്കരുത്. അവന് വാസസ്ഥലം കൊടുക്കണം ശുക്രാചാര്യന്റെ ഈ അപേക്ഷ പ്രകാരം ഭൂമിയില്‍ ചെന്ന് വസിക്കുവാന്‍ പരമശിവന്‍ സമ്മതിക്കുന്നു.

അങ്ങനെയുള്ളതായ ഭൂമിയില്‍ വടക്കു- കിഴക്ക് തലയും തെക്കു- പടിഞ്ഞാറ് കാലും വരുന്ന രീതിയില്‍ വാസ്തുപുരുഷനേയും വാസ്തു പുരുഷന്റെ ദേഹത്ത് അതാത് സ്ഥാനങ്ങളില്‍ 45 ദേവന്മാരേയും കണക്കാക്കുന്നു.ഇത്തരത്തില്‍ വന്നു പതിച്ചതാണ് തീഗോളമായിരുന്ന വാസ്തുപുരുഷന്‍ അഥവാ ഭൂമിമണ്ഡലം. പുരുഷനെന്ന ഈ ഭൂമിമണ്ഡലത്തില്‍ എല്ലാ ബ്രഹ്മാദിദേവന്മാരും സ്ഥിതി ചെയ്യുന്നുവെന്നാണ് സങ്കല്പം. അവരെ സന്തോഷിപ്പിച്ച് ഗുണപ്രദങ്ങളായ ഫലങ്ങള്‍ നേടുന്നതിനാണ് ഗൃഹപ്രവേശത്തിന് മുമ്പ് വാസ്തുബലി അഥവാ വാസ്തുപൂജ നടത്തുന്നത്.  സൂര്യനില്‍ നിന്നും അടര്‍ന്നുവീണ ഒരു തുണ്ടാണ് ഈ ഭൂമിയെന്നും ഭൂമി മൊത്തം വാസ്തുപുരുഷ മണ്ഡലമാണെന്നും കണക്കാക്കുന്നു. അതായത് വാസ്തുപുരുഷന്‍ എന്നാല്‍ ഭൂമിതന്നെയാണെന്നര്‍ത്ഥം.

Leave a Reply

Your email address will not be published. Required fields are marked *